Latest Malayalam News - മലയാളം വാർത്തകൾ

കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടി ; മൃതദേഹം കണ്ടെത്തി

Vyodhika, who disappeared from Kadavantra, was killed and buried; The body was found

കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂർ കോർത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികൾ ഒളിവിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശർമിളയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാം എന്നായിരുന്നു അറിയിച്ചത്. എന്നാൽ പിന്നീട് ഇവർ ഒളിവിൽ പോകുകയായിരുന്നു.

മൂന്നടി താഴ്ചയിലേക്ക് കുഴിയെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. നൈറ്റി ധരിച്ച നിലയിൽ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.കുഴിയെടുത്ത സ്ഥലം കണ്ടെത്തുന്നത് പൊലീസിന്റെ കടാവർ നായയാണ്. കാണാതാവുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നു. ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് മൃതദേഹം കുഴിച്ചിടാനായി കുഴി എടുക്കുന്നത്. അതേസമയം ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. വളരെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ പൊലീസിന് ശാസ്ത്രീയമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. നിലവിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തെ കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്. ആലപ്പുഴ ഡിവൈഎസ്പി, മണ്ണഞ്ചേരി, മാരാരിക്കുളം, ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർമാർ, വിരലടയാള വിദഗ്ധർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തുണ്ട്.

Leave A Reply

Your email address will not be published.