Latest Malayalam News - മലയാളം വാർത്തകൾ

കാശില്ലാതെ വല‍ഞ്ഞ് സർവകലാശാലകളും; പെൻഷൻ ആനുകൂല്യങ്ങളും മുടങ്ങുന്നു

KERALA NEWS TODAY-തിരുവനന്തപുരം :പദ്ധതി ഇതര ഗ്രാന്റിന്റെ ഒരു ഗഡു സർക്കാർ വെട്ടിക്കുറച്ചതോടെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
പല സർവകലാശാലകളും പെൻഷൻ ആനുകൂല്യങ്ങളും തടഞ്ഞു.
സംസ്കൃത സർവകലാശാലയിലും കലാമണ്ഡലത്തിലും ശമ്പളം വൈകിയാണു നൽകുന്നത്.
ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള പ്രതിഫലവും കൃത്യമായി നൽകുന്നില്ലെന്നു പരാതിയുണ്ട്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നാണു പദ്ധതി ഇതര ഗ്രാന്റിന്റെ ഒരു ഗഡു മേയിൽ വെട്ടിക്കുറച്ചത്.
കേരള, എംജി, കാലിക്കറ്റ്, സംസ്കൃതം, കുസാറ്റ്, കണ്ണൂർ, കാർഷിക സർവകലാശാലകളുടെ 123 കോടി രൂപയാണു വെട്ടിക്കുറച്ചത്.
കേരള 30 കോടി, കാർഷിക 32, കാലിക്കറ്റ് 20, എംജി 16, കുസാറ്റ് 14, സംസ്കൃതം 6, കണ്ണൂർ 5 എന്നിങ്ങനെയാണു സർക്കാർ നൽകേണ്ടിയിരുന്ന തുക.

സർവകലാശാലകളുടെ സ്ഥിരനിക്ഷേപം പിൻവലിച്ചോ യുജിസി പദ്ധതി ഫണ്ടിൽനിന്നോ ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്തോ ശമ്പളവും പെൻഷനും നൽകാനാണു സർക്കാർ നിർദേശിച്ചത്.

കണ്ണൂർ സർവകലാശാലയിൽ അധ്യാപക ഇന്റർവ്യൂകളിൽ പങ്കെടുക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ വിഷയ വിദഗ്ധർക്കു യാത്രപ്പടി നൽകാൻ പോലും ബുദ്ധിമുട്ടാണ്. ഇതുമൂലം ഓൺലൈനായാണ് ഇന്റർവ്യൂ നടത്തുന്നത്. കേരളയിൽ മേയ് മുതൽ വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല.

കാർഷിക സർവകലാശാലയിലും കഴിഞ്ഞ 2 വർഷം വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങി. സർവകലാശാലകളുടെ സ്ഥിരനിക്ഷേപം ബാങ്കിൽനിന്നു ട്രഷറിയിലേക്കു മാറ്റാൻ സർക്കാർ നേരത്തേ നിർദേശിച്ചിരുന്നു. ഇങ്ങനെ ചെയ്ത സർവകലാശാലകൾക്ക് ഇപ്പോൾ ട്രഷറി നിയന്ത്രണം മൂലം പണം എടുക്കാനും നിവൃത്തിയില്ല.

Leave A Reply

Your email address will not be published.