മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. നിലമ്പൂര്‍ മുണ്ടേരി തലപ്പാലിയില്‍ നിന്നും കുമ്പള്ളപ്പാറയ്ക്ക് സമീപം വാണിയംപുഴ ഭാഗത്ത് നിന്നുമാണ് ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്. എന്‍ഡിആര്‍എഫ്, തണ്ടര്‍ബോള്‍ട്ട്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനകള്‍ക്കൊപ്പം വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ചാലിയാറിൽ തിരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ചാലിയാറിന്റെ രണ്ട് തീരത്തും ജനകീയ തിരച്ചില്‍ ആരംഭിച്ചത്. അജ്ഞാത ജീവിയുടെ കാല്‍ഭാഗം കണ്ട് പരിശോധിക്കുന്നതിനിടെയാണ് തലപ്പാലിയില്‍ നിന്ന് ഒരു കാലിന്റെ തുടഭാഗം തിരച്ചില്‍ സംഘത്തിന് ലഭിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം കണ്ടെത്തിയ ശരീരഭാഗങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ജില്ലാ അതിര്‍ത്തിയായ പരപ്പന്‍പ്പാറ വരെ തിരച്ചില്‍ നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. സ്കൂബ സംഘത്തെ ഉപയോഗിച്ച് മമ്പാടുള്ള റെഗുലറ്റര്‍ കം ബ്രിഡ്ജിലും ഇന്ന് പരിശോധന നടക്കുന്നുണ്ട്.