KERALA NEWS TODAY- തൃശൂർ: ആൾക്കൂട്ട ആക്രമണത്തിൽ ബസ് ഡ്രൈവർ ചിറയ്ക്കൽ സഹാർ (33) കൊല്ലപ്പെട്ട കേസിൽ പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. ചിറയ്ക്കൽ മച്ചിങ്ങൽ അഭിലാഷ് (27) ആണ് പിടിയിലായത്.
സംഭവത്തിനുശേഷം യു.എ.ഇ.യിലെ റാസൽഖൈമയിലേക്ക് മുങ്ങിയ പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിലാഷിനോട് കീഴടങ്ങാൻ ബന്ധുക്കൾ മുഖേന പോലീസ് സമ്മർദം ചെലുത്തിയിരുന്നു.
അഭിലാഷിനെ രാത്രി പതിനൊന്നോടെ ചേർപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
ഇതോടെ 10 പ്രതികൾ പിടിയിലായി. ഇനി നാലുപേരെക്കൂടി കിട്ടാനുണ്ട്. അഭിലാഷ് അടക്കം എട്ട് പ്രതികളുടെ പേരിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇതിൽ കറുപ്പം വീട്ടിൽ അമീർ (30), കൊടക്കാട്ടിൽ അരുൺ (21), മച്ചിങ്ങൽ ഡിനോൺ (28), ചിറയ്ക്കൽ കറപ്പംവീട്ടിൽ അനസ് (23) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് സുഹൈൽ, നിരഞ്ജൻ, കാറളം നവീൻ, ചേർപ്പ് പടിഞ്ഞാട്ടുമുറി സുഹൈൽ, ഫൈസൽ എന്നിവരും അറസ്റ്റിലായിരുന്നു.
ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത് (37), കരിക്കന്ത്ര വിഷ്ണു (31), നെല്ലിപ്പറമ്പിൽ രാഹുൽ (34), മൂർക്കനാട് കാരണയിൽ ഗിഞ്ചു (28) എന്നിവരെയാണ് ഇനി കിട്ടാനുള്ളത്.
ഫെബ്രുവരി 18-ന് രാത്രിയാണ് സഹാറിന് മർദനമേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സഹാർ മാർച്ച് ഏഴിന് മരിച്ചു.