Kerala News Today-പാലക്കാട്: ഭാര്യയ്ക്ക് ചെലവിനു നൽകാത്തതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും വഴങ്ങാത ഭർത്താവ്.
മുങ്ങിനടന്ന ഭർത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ വനിതാ കമ്മിഷൻ കൈയോടെ പിടികൂടി.
പട്ടാമ്പി കൊപ്പം മേൽമുറി സ്വദേശി പുഷ്പരാജനെയാണ്(46) വനിതാ കമ്മിഷൻ പിടികൂടി കോടതിയിലെത്തിച്ചത്.
ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നൽകാൻ ജെസിഎം കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഉത്തരവ് കണക്കിലെടുക്കാതെ മുങ്ങി നടക്കുകയായിരുന്നു പുഷ്പരാജൻ. കോടതിയിലും വനിതാ കമ്മീഷൻ സിറ്റിങിലും ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാൾ.
ഇപ്പോൾ കുടിശ്ശികയടക്കം 1,10,000 രൂപയായി ഉയർന്നു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.
ഹാളിലെത്തിയ പുഷ്പരാജനെ തിരിച്ചറിഞ്ഞ കമ്മീഷൻ ഡയറക്ടർ പി ബി രാജീവിൻ്റെ രഹസ്യ നിർദേശപ്രകാരം വനിതാ സെല്ലിൽ നിന്ന് പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊപ്പം പോലീസിന് പുഷ്പരാജനെ കൈമാറി.
വി ആർ മഹിളാമണി, അഡ്വ എലിസബത്ത് മാമ്മൻ മത്തായി എന്നിവരുടെ അദ്ധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ് നടന്നത്.
1,10,000 രൂപയിൽ 10,000 രൂപ കെട്ടിവെച്ചതോടെ കോടതി ഇയാളെ ജാമ്യത്തിൽ വിട്ടു.
ബാക്കി തുക 5,000 വീതം പ്രതിമാസ തവണകളായി അടക്കാമെന്ന് പുഷ്പരാജ് കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു. ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആൺ മക്കളുമടങ്ങിയതാണ് പുഷ്പരാജൻ്റെ കുടുംബം.
Kerala News Today