Kerala News Today-കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു.
ആരുമില്ലാത്ത സമയത്ത് ഇരയോടാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചത്. അതേസമയം, മെഡിക്കൽ കോളജ് സൂപ്രണ്ട് സംഭവത്തിൽ പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും അറിയിച്ചു. പരാതി പോലീസിന് കൈമാറുമെന്നും നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഉറപ്പ് നൽകിയതായും ബന്ധുക്കൾ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തൈറോയിഡ് ശസ്ത്രക്രിയക്ക് ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിക്കൊപ്പം അറ്റന്റർ മാത്രമാണ് ഉണ്ടായിരുന്നത്. അനസ്തേഷ്യ കൊടുത്തത്തിനാൽ യുവതി അർധ അബോധാവസ്ഥയിലായിരുന്നു. ശരീരത്തിൽ സ്പർശിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്നതായി തിരിച്ചറിഞ്ഞുവെങ്കിലും യുവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. മൂന്ന് തവണ ശരീരത്തിൽ ലൈംഗിക ലക്ഷ്യത്തോടെ സ്പർശിച്ചു.
ബോധാവസ്ഥയിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ കാര്യം വ്യക്തമാകുന്നത്. പിന്നീടെത്തിയ വനിതാ നഴ്‌സുമാരോട് പരാതിപ്പെടുകയും ഐസിയുവിൽ കഴിയാൻ ഭയമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വൈകീട്ട് എട്ട് മണിയോടെ ഡോക്ടറോട് പരാതിപ്പെട്ടപ്പോഴാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. കേസിലെ പ്രതി ഗ്രേഡ് 1 അറ്റാൻഡർ ശശീന്ദ്രനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ അന്വേഷണത്തിൻ്റെ ഭാഗമായി സസ്‌പെൻഷനിലാണ്.
Kerala News Today