കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാളുകളായി പ്രദേശത്ത് ചുറ്റി തിരിഞ്ഞിരുന്ന കൊമ്പനാണിതെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ എട്ട് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനയാക്രമണം അതിരൂക്ഷമായി നിലനിന്നിരുന്ന പ്രദേശം കൂടിയാണ് കാഞ്ഞിരവേലി. കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ കൃഷിയിടത്തിൽ വച്ച് വീട്ടമ്മ മരണപ്പെടുകയും ചെയ്തിരുന്നു.