KERALA NEWS TODAY-കൊല്ലം : മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് രോഗിയുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരേ അന്വേഷണത്തിന് തിരുവനന്തപുരം റേഞ്ച് ഐ.ജി. ആർ.നിശാന്തിനി ഉത്തരവിട്ടു.
കൊട്ടാരക്കര ട്രാഫിക് യൂണിറ്റിലെ എസ്.ഐ. ജെ.പി.അരുൺകുമാർ, വിനയൻ, ശൂരനാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ബിജുലാൽ എന്നിവർക്കെതിരേയാണ് അന്വേഷണം.
റൂറൽ ജില്ലാ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. പതിന്നാല് ദിവസത്തിനുള്ളിൽ കരട് കുറ്റാരോപണപത്രിക സമർപ്പിക്കാനും മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാനുമാണ് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ജൂലായ് 12-ന് ഉച്ചയ്ക്ക് 1.30-നായിരുന്നു അപകടം.
മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ നെടുമ്പന സ്വദേശി നിഥിൻ, ആംബുലൻസിലുണ്ടായിരുന്ന കുടവട്ടൂർ അശ്വതിയിൽ അശ്വകുമാർ, ഭാര്യ ദേവിക, ട്രാഫിക് ജോലിയിലുണ്ടായിരുന്ന സി.പി.ഒ. ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പൈലറ്റിനു നിയോഗിച്ച വാഹനത്തിന്റെ ഡ്രൈവർക്ക് പോലീസ് വാഹനം ഓടിക്കാൻ അനുമതിയുണ്ടെങ്കിലും പൈലറ്റ് ഡ്യൂട്ടിക്കോ വി.ഐ.പി. ഡ്യൂട്ടിക്കോ നിയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
നിർദേശം ലംഘിച്ചാണ് ബിജുലാലിനെ ജോലിക്ക് നിയോഗിച്ചത്.
കൊട്ടാരക്കര പുലമൺ ജങ്ഷനിലേക്കു വരവേ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തുവെച്ച് റോഡിന്റെ വലതുവശത്തുകൂടി വാഹനം ഓടിച്ചുകൊണ്ടുവന്നതിനാലാണ് അപകടമുണ്ടായത്.
ബിജുലാൽ പൈലറ്റ് ഓഫീസറായ ജി.എസ്.ഐ. വിനയന്റെ നിർദേശപ്രകാരമാണിത് ചെയ്തത്.
ഇത് ഗുരുതരവീഴ്ചയും കൃത്യവിലോപവുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.