Verification: ce991c98f858ff30

ബൊമ്മനും ബെല്ലിക്കും സ്റ്റാലിന്റെ ആദരവ്

ENTERTAINMENT NEWS : ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.
ഇപ്പോഴിതാ ഇരുവരെയും തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആദരവും സമ്മാനവും എത്തിയിരിക്കുന്നു.
ബൊമ്മനും ബെല്ലിക്കും ഒരുലക്ഷം രൂപ വീതം സമ്മാനവും സ്റ്റാലിൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം ആനക്കൊട്ടിലുകളിൽ ജോലി ചെയ്യുന്നവർക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇവർക്ക് താമസിക്കാൻ സൗകര്യപ്രദമായ ഇടങ്ങളൊരുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
‘ദ എലിഫന്റ് വിസ്പറേർസ്’ തമിഴ്നാട് വനംവകുപ്പ് ആനകളോട് എത്ര കരുതലോടെയാണ് പെരുമാറുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. രഘു എന്ന ആനക്കുട്ടിയും ബൊമ്മനും ബെല്ലിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.
ഇവരുടെ കഥ കാര്‍ത്തിനി വെറും 41 മിനിറ്റിൽ പറഞ്ഞു തീർത്തപ്പോൾ പ്രേക്ഷകര്‍ക്കും ഇവർ പ്രിയപ്പെട്ടവരായി. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറഞ്ഞു നിൽക്കുന്നതാണ് ഓരോ ഫ്രെയിമും.

ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം.
നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മാണം. ഗുനീത് മോംഗയുടെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 2019 ഓസ്കറിൽ ഗുനീത് നിർമിച്ച ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ ഓസ്കർ ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.