Verification: ce991c98f858ff30

ഇന്ത്യൻനിർമിത തുള്ളിമരുന്ന് ഉപയോഗിച്ച് യു.എസിൽ ചിലർക്ക് കാഴ്ച നഷ്ടമായി

NATIONAL NEWS – ചെന്നൈ : ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസിൽ ചിലർക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോർട്ടിന് പിന്നാലെ മരുന്ന് കമ്പനിയിൽ റെയ്ഡ്.

ചെന്നൈയിലെ ‘ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ’ എന്ന മരുന്നുനിർമാണ കമ്പനിയിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കൺട്രോളറും വെള്ളിയാഴ്ച അർധരാത്രി പരിശോധന നടത്തിയത്.
മണിക്കൂറുകൾ നീണ്ടുനിന്ന പരിശോധനയിൽ തുള്ളിമരുന്നിന്റെ സാമ്പിളുകളടക്കം ശേഖരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്’ ഉപയോഗിച്ചത് കാരണം ഒരുമരണം ഉൾപ്പെടെ സംഭവിച്ചതായാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അവകാശവാദം.
കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടൽ എന്നിവയടക്കം 55-ഓളം അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യു.എസ് അധികൃതർ അവകാശപ്പെട്ടിരുന്നു.
തുള്ളിമരുന്നിൽ അണുബാധയുണ്ടാകാനാണ് സാധ്യതയെന്നും ഇത് ഉപയോഗിച്ചാൽ കണ്ണിൽ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും യു.എസ് അധികൃതരുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
കണ്ണുകളിലെ വരൾച്ച, അസ്വസ്ഥത തുടങ്ങിയവയിൽനിന്നുള്ള സംരക്ഷണത്തിനായാണ് ആർട്ടിഫിഷൽ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നത്.

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വിവാദമായ തുള്ളിമരുന്ന് ഗ്ലോബൽ ഫാർമ അമേരിക്കൻ വിപണിയിൽനിന്ന് പിൻവലിച്ചത്. മരുന്ന് ഉപയോഗിക്കരുതെന്നും നിർദേശം നൽകി.
സംഭവത്തിൽ യു.എസ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മരുന്ന് ഉപയോഗിച്ച ആർക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചു.
ഇതിനുപിന്നാലെയാണ് ചെന്നൈയിലെ ഗ്ലോബൽ ഫാർമയിൽ റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിൽ യു.എസിലേക്ക് അയച്ച തുള്ളിമരുന്നുകളുടെ സാമ്പിളുകൾ കമ്പനിയിൽനിന്ന് ശേഖരിച്ചതായി തമിഴ്‌നാട് ഡ്രഗ് കൺട്രോളർ
ഡോ.പി.വി.വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
യു.എസിൽ നിന്നുള്ള സാമ്പിളുകൾക്കായി കാത്തിരിക്കുകയാണെന്നും സംഭവത്തിൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഡ്രഗ് കൺട്രോളർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.