Kerala News Today-തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ പതിനേഴാം തിയതി വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർഥികളാണ് ആലുവയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചോളം പേരുടെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അഞ്ചു വയസ്സ് മുതൽ 10 വയസ്സ് വരെയുള്ള 200 കുട്ടികളെയാണ് ആലുവ ജോയ് മൗണ്ട് പബ്ലിക് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് കൊണ്ടുപോയത്.
ഇതിൽ പലർക്കും പിന്നീട് വയറിളക്കവും ഛർദിയും പനിയും ബാധിച്ചു. പനി മാറാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടിയത്തോടെയാണ് കാരണം അന്വേഷിച്ചത്.
Kerala News Today