Kerala News Today-മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസിലെയും മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിലെയും ആറ് ഉദ്യോഗസ്ഥര്‍ക്കാണ് കളക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
തപാൽ വോട്ടുകൾ കൊണ്ടുപോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റർക്കും ട്രഷറി ഓഫീസർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിട്ടേണിങ് ഓഫീസർ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകി. കളക്ടർ തുടർനടപടികൾ സ്വീകരിക്കും. പോസ്റ്റൽ വോട്ടുകളുടെ പെട്ടി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും.
മലപ്പുറം ജില്ല സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ പെട്ടിയടക്കം മൂന്നു പെട്ടികളിലായി സൂക്ഷിച്ച 348 വോട്ടുകളാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.
യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി കെ.പി.എം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം അപ്രത്യക്ഷമായ പെട്ടി 20 കിലോമീറ്റർ അകലെ മലപ്പുറത്ത് കണ്ടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു.
മുസ്തഫയുടെ ഹർജി പരിഗണിക്കുന്നതിൻ്റെ ഭാഗമായി പോസ്റ്റൽ വോട്ട് പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റുമ്പോഴാണ് ഒരു പെട്ടി കാണാതായെന്ന് അറിയുന്നത്. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Kerala News Today