ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം നേവിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാവിക സംഘം ഇതുവരെ പുറപ്പെട്ടിട്ടുമില്ല. ഡൈവിങ്ങിന് അനുമതി നൽകിയാൽ മാത്രമേ സോണാർ പരിശോധന നടക്കൂ. ഗംഗാവലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുമെന്നായിരുന്നു വിവരം. അർജുനെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും പങ്കുവെച്ചിരുന്നു. പുഴയിലെ കുത്തൊഴുക്ക് മൂന്ന് നോട്ടിലേക്ക് താഴ്ന്നിട്ടുണ്ടെന്നും ജലനിരപ്പിലും വലിയ കുറവുണ്ടെന്നുമാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് ജിതിൻ പറഞ്ഞിരുന്നു. നാവിക സേന ഒമ്പത് മണിയോടെ എത്തുമെന്നും സോണാർ പരിശോധന നടത്തി സ്‌കൂബ ഡൈവിങ് നടത്തുമെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.