KERALA NEWS TODAY- തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ തന്നെ അവഗണിച്ചെന്ന കെ.മുരളീധരന്റെ പരാതിയില്‍ പിന്തുണയുമായി ശശി തരൂര്‍.
കെ.മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹത്തെ പോലുള്ള ഒരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ എന്ന നിലക്കാണ് രമേശ് ചെന്നത്തലയ്ക്കും എം.എം.ഹസ്സനും സംസാരിക്കാന്‍ അവസരം നല്‍കിയത്.
അതേവേദിയില്‍ മറ്റൊരു കെപിസിസി അധ്യക്ഷന്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനും തുല്യമായ അവസരം കൊടുക്കേണ്ടെയെന്നും തരൂര്‍ ചോദിച്ചു.
‘ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. കെ.മുരളീധരന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാത്രമല്ല.
മുന്‍ കെപിസിസി അധ്യക്ഷനും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കൂടിയായിരുന്നു. ഇത്തരത്തിലുള്ള ഒരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ല’, തരൂര്‍ പറഞ്ഞു.
അതേസമയം, തനിക്ക് സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്നതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സംസാരിക്കാന്‍ ഇനിയും അവസരം ഉണ്ടാകുമെന്ന് വിചാരിക്കുന്നു. പാര്‍ട്ടിയെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രധാനപ്പെട്ട നേതാക്കളെ ഇങ്ങനെ അവഗണിക്കാന്‍ പാടില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.