KERALA NEWS TODAY – കോഴിക്കോട്: ബേപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു കയറി അതിഥിതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിലായി.
മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൽഖാദർ(42), ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ഷാഹുൽ ഹമീദ് (33) എന്നിവരെയാണ് അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ വി.സിജിത്തിൻ്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്.
ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഷാഹുൽ അടുത്തിടെയാണ് ജയിൽ മോചിതനായത്. തുടർന്നാണ് അബ്ദുൽ ഖാദറിനെ കൂട്ടാളിയാക്കി കവർച്ച നടത്തിയത്.
കവർച്ചയ്ക്കിടെ കത്തി ഉപയോഗിച്ച് അതിഥി തൊഴിലാളിയെ വെട്ടുകയായിരുന്നു.
കൈവിരലിനായിരുന്നു വെട്ടേറ്റത്. ഇവിടെ നിന്നും പതിനായിരം രൂപ പ്രതികൾ കവർന്നതായി പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് അബ്ദുൾ ഖാദറിനെയാണ് ആദ്യം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂട്ടുപ്രതി ഷാഹുലാണെന്ന് വ്യക്തമായി. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഷാഹുൽ മുങ്ങുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസിൻ്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വച്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഷാഹുൽ കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പോലീസിൻ്റെ പിടിയിലായിരുന്നു.