നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. റെയിൻകോട്ടും ഹെൽമറ്റും ധരിച്ചാണ് മൂവർ സംഘവം രാത്രി ജ്വല്ലറിയിലേക്ക് എത്തുന്നത്. ഉടനെ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. അപായ സൈറൻ മുഴക്കാൻ ജീവനക്കാരിൽ ഒരാൾ ശ്രമിച്ചതോടെ വെടിയുതിർത്തു. അഞ്ച് റൗണ്ട് വെടിയുതിർത്ത പ്രതികൾ കൗണ്ടറിലുണ്ടായിരുന്ന പണവും ഷെൽഫിലെ സ്വർണവും കൈക്കലാക്കി. ബഹളം കേട്ടെത്തിയവർ ബൈക്കിൽ കടന്ന കളയാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചു. ഇതോടെ വീണ്ടും വെടിവയ്പ്. തുടർന്ന് അമിത വേഗത്തിൽ പ്രതികൾ ബൈക്കോടിച്ച് പോയി. ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.