Verification: ce991c98f858ff30

വന്ദേഭാരതിൻ്റെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു

Kerala News Today-തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം- ഷൊർണൂർ വരെ വർദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.

തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. 9.22 ന് തൃശൂരില്‍ എത്തുന്ന വന്ദേഭാരത് 10.02 ന് ഷൊര്‍ണൂരില്‍ എത്തും. 11.3 ന് കോഴിക്കോട് എത്തും എന്നതാണ് പുതിയ സമയക്രമം. 12.03 ന് കണ്ണൂരിലും 1.25 ന് കാസര്‍ഗോഡും എത്തും. 8 മണിക്കൂര്‍ 5 മിനുറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് കാസര്‍ഗോഡ് എത്തും. ട്രെയല്‍ റണ്‍ നടത്തുന്ന ഘട്ടത്തില്‍ തീരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസിൻ്റെ ടിക്കറ്റ് നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ എക്കോണമി കോച്ചില്‍ ഭക്ഷണമടക്കം 1400 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം 2400 രൂപയുമാണ് നിരക്ക്. ഷൊര്‍ണ്ണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനാണ് ഷൊര്‍ണ്ണൂര്‍. ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ ആശ്രയിക്കാന്‍ കഴിയുന്ന പ്രധാന റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയിലാണ് ചെങ്ങന്നൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടത്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.