ബലാത്സംഗ കേസിൽ നടൻമാരായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ വിഎസ് ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറയുക. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുത് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. മണിയൻ പിള്ള രാജുവും ഫോർട്ട് കൊച്ചി പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായതിനാൽ അത് രേഖപ്പെടുത്തിയ കോടതി ഹർജി തീർപ്പാക്കി.
കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെയാണ് ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും നടി വെളിപ്പെടുത്തിയിരുന്നു.