വയനാട്ടിലെ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുമായും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും അദ്ദേഹം സംസാരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്. ദുരന്തഭൂമിയിൽ മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്തു നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. .അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ കൺട്രോൾ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.