Kerala News Today-കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധന അവസാനിച്ചു. നാല് മണിക്കൂറോളം നേരമാണ് പരിശോധന നടന്നത്. കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നതുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ 14 വയസുള്ള പെണ്‍കുട്ടിയുമായുള്ള അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കഴിഞ്ഞദിവസം കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് പരിശോധന.
ഇന്ന് രാവിലെ പത്തരക്ക് പി.ടി ഉഷ റോഡിലെ ഓഫിസിൽ പരിശോധന ആരംഭിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷിൻ്റെ നേതൃത്വത്തിൽ എട്ടുപേരടങ്ങുന്ന പോലീസും തഹസിൽദാറും വില്ലേജ് ഓഫീസറും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഓഫീസിലെ കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ച വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് പോലീസ് പരിശോധിച്ചത്.
പരാതിയിൽ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജനൽ എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരെ പോക്സോ, വ്യാജ രേഖ ചമക്കൽ, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. 2022 നവംബർ പത്തിന് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത റിപ്പോർട്ടിൽ സ്കൂൾ വിദ്യാർഥിനിയുടേതായി വന്ന അഭിമുഖം വ്യാജമാണെന്നായിരുന്നു പരാതി. സഹപാഠികള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ഥിനികള്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അഭിമുഖത്തിൽ മുഖംമറച്ച പെൺകുട്ടി പറഞ്ഞിരുന്നു.
Kerala News Today