KOTTARAKKARA NEWS – കൊട്ടാരക്കര: പോലീസ് വകുപ്പിന്റെ “യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ” ഭാഗമായി
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ സുനിൽ എം.എൽ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം റൂറൽ സ്പെഷ്യൽ ടീം,
കൊട്ടാരക്കര പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് 106 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കൊല്ലം കോർപ്പറേഷനിൽ പട്ടത്താനം പി.ഒ യിൽ ജനകീയ നഗർ 161 മിനി വിഹാറിൽ ഫെർഡിനാറ്റ് മകൻ 24 വയസുള്ള അമൽ എഫ് ആണ് പിടിയിലായത്.
പ്രതിയെപ്പറ്റിയുള്ള രഹസ്യ വിവരം പോലീസിന് ലഭിച്ചതിനെ തുടന്ന് കുറച്ച് ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു.
കൃത്യമായ ഇടവേളകളിൽ ഇയാൾ കേളത്തിലേക്ക് ട്രെയിൻ മാർഗ്ഗവും, ബസ്സ് മാർഗ്ഗവും അന്യസംസ്ഥാനങ്ങളിൽ നിന്നും MDMA കടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ഇന്ന് (29.01.2023) എറണാകുളത്ത് നിന്നും കൊട്ടാരക്കരയ്ക്ക് ബസ്സിൽ യാത്ര ചെയ്തു വരവേ ആണ് ഇയാൾ MDMA യുമായി കൊട്ടാരക്കര പുലമണിൽ വച്ച് പിടിയിലാവുന്നത്.
അന്തർ സംസ്ഥാന ഇടനിലക്കാരിൽ നിന്നും ഒരു ഗ്രാം MDMA രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായ അമൽ.
ഇപ്രകാരം കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരുന്ന MDMA ചെറു പാക്കറ്റുകളിലാക്കി വിൽക്കുമ്പോൾ 20 ലക്ഷത്തോളം രൂപ മൂല്യം വരും എന്നും പ്രതി പറഞ്ഞു.
ഈ കേസിലെ കണ്ണികളെക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോയിന്റ് അഞ്ച് ഗ്രാമിന് മുകളിൽ MDMA കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും, 10 ഗ്രാമിന് മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.
കൊല്ലം റൂറൽ സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ്, കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ
കൊട്ടാരക്കര എസ്. എച്ച്.ഒ പ്രശാന്ത് വി.എസ് , എസ്.ഐ ദീപു കെ.എസ്, എസ്.ഐ രാജൻ,
കൊല്ലം റൂറൽ സ്പെഷ്യൽ ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ളൈ,
സി.പി.ഒ മാരായ സജുമോൻ റ്റി, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്ലീറ്റസ്, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ മാരായ മഹേഷ് മോഹൻ, ജിജി സനോജ്,
കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എ.എസ്.ഐ ജിജിമോൾ, സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, കിരൺ, ശ്രീരാജ്, അഭി സലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.