പത്തനംതിട്ടയിൽ റോഡരികിൽ നിന്ന വിവാഹ സംഘത്തെ എസ്‌ഐയും സംഘവും അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നിലവില്‍ പൊലീസിനെതിരെ നിസാര വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും, പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെയും, പട്ടിക ജാതി കമ്മിഷനെയും സമീപിക്കുമെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചു, മുറിവേല്‍പ്പിച്ചു തുടങ്ങിയ നിസ്സാര വകുപ്പുകള്‍ ആണ് മര്‍ദ്ദനമേറ്റവരുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് ചുമത്തിയിരിക്കുന്നത്. എഫ്‌ഐആറില്‍ അതിക്രമം നടത്തിയ പൊലീസുകാരുടെ പേരും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് പരാതിക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ പോലീസിന്റെ ക്രൂര മർദ്ദനം നടന്നത്. കൊല്ലത്ത് നിന്നും വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് പോലീസ് അതിക്രമം അഴിച്ചു വിട്ടത്. മർദ്ദനത്തിൽ സിതാര എന്ന യുവതിയുടെ തോളെല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിതാരയുടെ ഭർത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തി കൊണ്ട് അടിയേൽക്കുകയും പരിക്ക് പറ്റുകയും ചെയ്തു.