പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ജനുവരി മൂന്നിന്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനാല് പ്രതികള്‍ക്കാണ് എറണാകുളം സിബിഐ കോടതി ജനുവരി മൂന്നിന് ശിക്ഷ വിധിക്കുക. ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ അടക്കം പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി എ പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, മൂന്നാം പ്രതി കെഎം സുരേഷ്, നാലാം പ്രതി കെ അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍ ശ്രീരാഗ്, ഏഴാം പ്രതി എ അശ്വിന്‍, എട്ടാം പ്രതി സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, പതിനാലാം പ്രതി കെ മണികണ്ഠന്‍, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍, ഇരുപതാം പ്രതി കെവി കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെവി ഭാസ്‌കരന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്.
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. ഒന്‍പതാം പ്രതി മുരളി എ, പതിനൊന്നാം പ്രതി പ്രദീപ്, പന്ത്രണ്ടാം പ്രതി മണികണ്ഠന്‍ ബി, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍ എന്‍, പതിനാറാം പ്രതി മധു എ, പതിനേഴാം പ്രതി റെജി വര്‍ഗീസ്, പതിനെട്ടാം പ്രതി ഹരിപ്രസാദ്, പത്തൊന്‍പതാം പ്രതി രാജേഷ് പി, 23-ാം പ്രതി വി ഗോപകുമാര്‍, 24-ാം പ്രതി സന്ദീപ് പി വി എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കിയത്.