Kerala News Today-തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിൻ്റെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെയാണ് ബഹളമുണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.
സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. ഇപ്പോൾ നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിക്കുകയാണ് എന്നാണ് വിവരം.
അതേസമയം എംഎൽഎയെ വാച്ച് ആന്റ് വാർഡ് കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണപക്ഷ എംഎൽഎമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ് , അൻസലൻ തുടങ്ങിയവർ ഓഫീസിന് മുന്നിലെത്തിയിരുന്നു. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്പോരും നടന്നു. അതിനിടെ സ്പീക്കർ പ്രതിപക്ഷ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. ഇതോടെ സംഘർഷ സാഹചര്യങ്ങൾക്ക് അയവു വന്നു. പ്രതിഷേധം നടക്കുന്നതിനാൽ സ്പീക്കർ എ എൻ ഷംസീർ തൻ്റെ ഓഫീസിലേക്ക് വന്നിരുന്നില്ല.
Kerala News Today