Kerala News Today-ആര്യങ്കാവ്: കൊല്ലം ആര്യങ്കാവില്‍ നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം.
തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രാസവസ്തുവിൻ്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്.
പാലില്‍ കൊഴുപ്പിൻ്റെ കുറവ് മാത്രമാണ് കണ്ടെത്താനായതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ച് അഞ്ച് ദിവസം മുന്‍പാണ് ക്ഷീരവികസന വകുപ്പ് ആര്യങ്കാവില്‍ നിന്നും പാല്‍ ടാങ്കര്‍ പിടികൂടിയത്.
15300ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പോലീസ് സ്റ്റേഷനിലാണുള്ളത്.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചായിരുന്നു പിടികൂടിയത്.
ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല്‍ കണ്ടെത്തി പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാല്‍.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. കെഎല്‍ 31 എല്‍ 9463 എന്ന ലോറിയിലാണ് പാല്‍ കൊണ്ടുവന്നത്.
സാംപിള്‍ വൈകി ശേഖരിച്ച് പരിശോധിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
Kerala News Today