NATIONAL NEWS – ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.
നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്.
ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്; അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും.
ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞു.
ജനകീയ ബജറ്റാണെന്ന സൂചന നൽകിയ പ്രധാനമന്ത്രി, ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന് പറഞ്ഞിരുന്നു.
അതേസമയം, അവതരണത്തിനു മുൻപേ ബജറ്റ് പ്രചാരണത്തിന് ബിജെപി ഒരുങ്ങി. ഫെബ്രുവരി 12 വരെ രാജ്യമാകെ പ്രചാരണ പരിപാടികൾ നടത്തും.
ശനിയും ഞായറും 50 കേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നൽകും. സുശീൽ മോദിയുടെ അധ്യക്ഷതയിൽ ഒൻപതംഗ സമിതിക്കാണ് പ്രചാരണത്തിന്റെ മേൽനോട്ടം.