നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രം നാരായണീന്റെ മൂന്നാണ്മക്കൾ നാളെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാട്ടിൻ പുറത്തുള്ള തറവാടിനെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കുടുംബത്തിൽ നിന്നും മാറി അന്യ ദേശത്ത് താമസിക്കുന്ന ഇളയ മകൻ്റെ കടന്നു വരവിനെ തുടർന്ന് കുടുംബത്തിലുണ്ടാകുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി വേഷമിടുന്നത്.
നർമ്മവും, വൈകാരിക നിമിഷങ്ങളും കൂടിച്ചേർന്ന എല്ലാ പ്രേക്ഷകനും ഒരുപോലെ ആസ്വദിക്കാവുന്ന ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാനാണ് ചിത്രം നിർമ്മിക്കുന്നത്.