SPORTS NEWS – ചെന്നൈ : ഇന്ത്യൻ താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിലായി 87 മത്സരങ്ങൾ കളിച്ച മുരളി 4490 റൺസ് നേടിയിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തിലാണ് മുരളി വിജയ് ഏറ്റവുമധികം തവണ ജഴ്‌സിയണിഞ്ഞത്. 61ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 3982 റൺസാണ് താരം അടിച്ചെടുത്തത്. 38.29 ആണ് ശരാശരി. 12 സെഞ്ചുറി നേടിയിട്ടുണ്ട്.
17 ഏകദിന മത്സരങ്ങളിൽ കളിച്ച താരം 339 റൺസും ഒൻപത് ട്വന്റി ട്വന്റി മത്സരങ്ങളിൽനിന്ന് 154 റൺസും നേടി. ഐ.പി.എല്ലിലെ സ്ഥിരസാന്നിധ്യമായ മുരളി വിജയ് 106 മത്സരങ്ങളിൽ കളിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകൾക്കാണ് മുരളി ഐ.പി.എല്ലിൽ കളിച്ചത്.
‘ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണ്. 2002 മുതൽ 2018 വരെയുള്ള എന്റെ കരിയർ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. എനിക്ക് അവസരം തന്ന ബി.സി.സി.ഐ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ എന്നീ സംഘടനകളോട് നന്ദിപറയുന്നു. എന്റെ സ്വപ്‌നം പൂവണിയാൻ എന്നെ സഹായിച്ച ഏവർക്കും നന്ദി.’ മുരളി വിജയം കുറിച്ചു.
38 കാരനായ വിജയ് ഇപ്പോൾ തമിഴ്‌നാട് ടീമിനുവേണ്ടിയാണ് കളിക്കുന്നത്. 2018-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പര്യടനത്തിലാണ് മുരളി വിജയ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. എന്നാൽ മോശം ഫോം തുടർന്നതിനാൽ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായി. 2008 നവംബർ ആറിനാണ് താരം ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. അന്നും ഓസ്‌ട്രേലിയയായിരുന്നു എതിരാളികൾ.