പാലക്കാട് കോട്ടായിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മ അസുഖ ബാധിതയായിരുന്നു. പാലക്കാട് കോട്ടായിയിൽ പല്ലൂർ കാവിലാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീട്ടിലും മകൻ വീടിനു സമീപത്തുള്ള വളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. അമ്മ ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.