Verification: ce991c98f858ff30

മോഡലിൻ്റെ മുടി നീളം കുറച്ച് വെട്ടി; 2 കോടി പിഴ ചുമത്തിയത് സുപ്രീം കോടതി റദ്ദാക്കി

National News-ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിൽ തൻ്റെ മുടി മോശമായി വെട്ടിയെന്നു പരാതിപ്പെട്ട മോഡൽ ആഷ്ന റോയിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ്റെ(എൻസിഡിആർസി) ഉത്തരവു സുപ്രീം കോടതി റദ്ദാക്കി. പരാതി വീണ്ടും പരിഗണിച്ചു തുക പുനർനിശ്ചയിക്കാൻ നിർദേശിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതു പരാതിക്കാരിയുടെ അവകാശവാദത്തിൻ്റെ മാത്രം അടിസ്ഥാനത്തിലാകരുതെന്നും തെളിവുകൾ കൂടി കണക്കിലെടുക്കണമെന്നും ജഡ്ജിമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

സലൂണിലെ സേവനങ്ങളില്‍ പരാതി സംബന്ധിച്ച് പരാതിപ്പെട്ടിട്ടും സലൂണിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്തതിനേ തുടര്‍ന്നാണ് മോഡലായ യുവതി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 2018ലായിരുന്നു വിവാദമായ മുടിവെട്ട് നടന്നത്. ആവശ്യപ്പെട്ടതിലും അധികം മുടി മുറിച്ചതിനേ തുടര്‍ന്ന് മോഡലിംഗ് മേഖലയിലെ അവസരങ്ങള്‍ നഷ്ടമായെന്നും മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ വിഷാദത്തിന് അടിമയായെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയത്.

മോഡലിംഗ് രംഗത്തെ നഷ്ടങ്ങള്‍ക്കും മാനസിക വൃഥയ്ക്കുമായി മൂന്ന് കോടി രൂപയാണ് സലൂണില്‍ നിന്ന് നഷ്ടപരിഹാരമായി യുവതി ആവശ്യപ്പെട്ടത്. നാലിഞ്ച് നീളം കുറയ്ക്കണമെന്ന ആവശ്യവുമായാണ് യുവതി സലൂണിലെത്തിയത്. എന്നാല്‍ സലൂണ്‍ ജീവനക്കാര്‍ നാലിഞ്ച് മുടി അവശേഷിപ്പിച്ച് ബാക്കിയുള്ള മുടി മുറിക്കുകയായിരുന്നു. നേരിട്ട അപമാനം, മാനസിക വൃഥ, വരുമാന നഷ്ടം, ജോലി നഷ്ടം എന്നിവയ്ക്ക് പകരമായി നഷ്ടപരിഹാരത്തിനൊപ്പം സലൂണ്‍ മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

പരാതിക്ക് പിന്നാലെ മുടി പെട്ടന്ന് നീളം വയ്ക്കാനായി ചെയ്ത ട്രീറ്റ്മെന്‍റ്  അലര്‍ജിക്കും കാരണമായതായും യുവതി പരാതിപ്പെട്ടിരുന്നു. നീളമുള്ള മുടി ആയിരുന്നതിനാല്‍ വില്‍സിസിയും പാന്‍റീനും അടക്കമുള്ള കമ്പനിയുടെ പരസ്യങ്ങളിലും മോഡലായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. മോഡലിംഗ് രംഗത്ത് മികച്ച നിലയിലേക്ക് എത്തണമെന്ന സ്വപ്നം സലൂണിന്‍റെ കൈപ്പിഴവ് കൊണ്ട് നഷ്ടമായെന്നും യുവതി ആരോപിച്ചിരുന്നു. 2021 സെപ്തംബറിലാണ് യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ പഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

എന്നാല്‍ വിധിക്കെതിരെ ഹോട്ടല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് സംഭവിച്ച നഷ്ടത്തെ മാനിക്കുന്നുവെന്നും എന്നാല്‍ നഷ്ടപരിഹാരത്തുക അധികമാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നഷ്ടപരിഹാത്തുകയെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും യുവതിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി സുപ്രീം കോടതി റദ്ദാക്കിയത്.

 

 

 

 

National News

Leave A Reply

Your email address will not be published.