Kerala News Today-കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ വൈകിട്ടോടെ അണക്കാനാകുമെന്ന് മന്ത്രി പി. രാജീവ്. കോർപറേഷൻ, അഗ്നിശമനസേന, ആരോഗ്യ വിഭാഗങ്ങൾ എന്നിവയുടെ ഏകോപനമുണ്ടാകുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
സമീപത്തെ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനായി ശക്തിയേറിയ മോട്ടര്‍ എത്തിച്ചെന്നും നഗരത്തിലെ മാലിന്യനീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പുകയില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുകമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇതുവരെയും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൈകാര്യം ചെയ്യുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള ആശുപത്രികളിലും പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ സ്മോക് അത്യാഹിത വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചെന്നും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരോഗ്യവകുപ്പ് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala News Today