Kerala News Today-കൊച്ചി: മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവ് പി കെ അനില്‍കുമാറിനെതിരെ നടപടി.
കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവിൻ്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും അനില്‍കുമാറിനെ നീക്കി.
സിപിഎമ്മിൻ്റെ എറണാകുളം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായാണ് സിപിഎം വിലയിരുത്തല്‍.
ലളിത ജീവിതം തൊഴിലാളി നേതാക്കള്‍ക്കും ബാധകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും പി രാജീവും യോഗത്തില്‍ പങ്കെടുത്തു.
സിപിഎം അംഗവും കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേസ് യൂണിയൻ്റെ സെക്രട്ടറിയുമായുള്ള പി കെ അനില്‍കുമാര്‍ മിനി കൂപ്പര്‍ വാങ്ങിയത് വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. 50 ലക്ഷത്തോളം രൂപ നല്‍കിയാണ് സിഐടിയു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത്.
മിനി കൂപ്പര്‍ വാങ്ങിയത് തൻ്റെ ഭാര്യയാണെന്നായിരുന്നു അനില്‍കുമാറിൻ്റെ ന്യായീകരണം. തൻ്റെ മകൻ്റെ ആഗ്രഹത്തിനനുസരിച്ച് ജന്മദിനത്തിലാണ് കാര്‍ വാങ്ങിയതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.
Kerala News Today