Verification: ce991c98f858ff30

ലൈഫ് മിഷൻ കേസ്: എം.ശിവശങ്കർ റിമാൻഡിൽ; കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി

KERALA NEWS TODAY -കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്തു. 9 ദിവസം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടില്ല. ശിവശങ്കർ ജാമ്യാപേക്ഷ നൽകി. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.
Leave A Reply

Your email address will not be published.