Kerala News Today-ബെംഗളൂരു: വിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. തന്‍റെ പരാതിയില്‍ കേസെടുത്തതായി സ്വപ്ന സുരേഷ് വ്യക്തമാക്കി. കൂടിക്കാഴ്ച നടന്ന ബെംഗളൂരുവിലെ ഹോട്ടലില്‍ തെളിവെടുത്തു. വിജേഷിനൊപ്പം ഒരാള്‍കൂടി താമസിച്ചെന്ന് ഹോട്ടലുകാര്‍ പോലീസിനെ അറിയിച്ചു.
നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്. ‘എന്‍റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു. വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്‍റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച് എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതനെന്നും’ സ്വപ്ന ചോദിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയെന്ന് കെ ആർ പുര പോലീസ് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി. കേസിൽ തുടർ നടപടി സ്വീകരിക്കും. ഭീഷണിപ്പെടുത്തിയതിനാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എൻസിആർ (Non Cognizable Report) ആണ് രജിസ്റ്റർ ചെയ്തത്. ഭീഷണി പോലുള്ള പരാതികളിൽ സ്വീകരിക്കുന്ന പ്രാഥമിക നടപടി ആണിത്. എൻസിആർ രജിസ്റ്റർ ചെയ്താൽ പരാതിക്കാർക്ക് കോടതിയിൽ പോകാം. ആർക്കെതിരെ ആണോ പരാതി കിട്ടിയത് അവരെ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകും. വിജേഷ് പിള്ളയോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala News Today