KERALA NEWS TODAY – കൊച്ചി: കളമശ്ശേരി ദത്ത് വിവാദത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറി.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതുപ്രകാരം കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിനായി ദമ്പതികള്‍ക്ക് കൈമാറുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശംതന്നെയായിരുന്നു കുഞ്ഞ് നേരത്തേ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിനെ ഇവര്‍ക്ക് കൈമാറി. ഇത് വിവാദമായതോടെ ദമ്പതികള്‍ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു.
ഇതിനിടെ നിലവിലെ സാഹചര്യത്തില്‍ കുഞ്ഞിനെ ഏറ്റെടുക്കാനാവില്ലെന്നറിയിച്ച് യഥാര്‍ഥ മാതാപിതാക്കള്‍ രംഗത്തെത്തി.
ഇത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ഹൈക്കോടതി ദമ്പതികളോട് നിയമപരമായി അപേക്ഷ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സി.ഡബ്ല്യൂ.സി.യെയും ചുമതലപ്പെടുത്തി. ഇതോടെ ദമ്പതികള്‍ക്ക് കുഞ്ഞിനെ താത്കാലികമായി വിട്ടുനല്‍കി. യഥാര്‍ഥ മാതാപിതാക്കള്‍ വരുന്നതുവരെ കുഞ്ഞ് ഇവരുടെ സംരക്ഷണത്തില്‍ കഴിയും.