Kerala News Today-തിരുവനന്തപുരം: ആയിരംവട്ടം വേണ്ട, ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സ്വപ്‌ന സുരേഷിനെതിരെ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിൻ്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഗോവിന്ദന്‍ മാസ്റ്ററെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ പിന്നിലൊളിച്ചു.
ഒരു വട്ടം സ്വപ്‌ന ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിരിയാണിച്ചെമ്പിലെ സ്വര്‍ണക്കടത്ത്, വിമാനത്താവളത്തിലൂടെ കറന്‍സി കടത്ത്, കുടുംബാംഗങ്ങളുടെ വന്‍ ബിസിനസ് ഡീലുകള്‍ തുടങ്ങി കേരളം ഞെട്ടിപ്പോയ നിരവധി ആരോപണങ്ങളാണ് പല വേദികളില്‍ ഉയര്‍ന്നത്. അതിനെതിരേ ചെറുവിരല്‍പോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നെന്നു സുധാകരന്‍ പറഞ്ഞു.
Kerala News Today