KERALA NEWS TODAY – കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ചികിത്സ തേടി.
ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ എം.കെ.സതീശന്‍ അറിയിച്ചു.
വൈകിട്ടോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീയണയ്ക്കുന്നതിന് തടസ്സം. 25 യൂണിറ്റുകളിലായി 150ഓളം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്മപുരത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോ മൈനിങ് നടത്തണമെന്നായിരുന്നു ഒന്‍പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ.
കരാര്‍ തുകയായ 55 കോടിയില്‍ 14 കോടി കമ്പനി കൈപ്പറ്റി. കരാര്‍ കാലാവധി തീര്‍ന്നിട്ടും മാലിന്യ സംസ്കരണം എങ്ങുമെത്തിയില്ല.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടിത്തം. ബയോ മൈനിങില്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
തീപിടിത്തത്തിന് പിന്നില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി പറഞ്ഞു.
സംഭവത്തിൽ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അട്ടിമറിയടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കൊച്ചി കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു.
തീയണയ്ക്കുന്നതിനാണ് നിലവില്‍ മുന്‍ഗണനയെന്നും ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാനടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്നു. പുക മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തി നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.