KERALA NEWS TODAY – ന്യൂഡൽഹി : മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗവുമായ പിണറായി വിജയന്റെ മകൾ ടി.വീണയും വീണയുടെ കമ്പനിയും നിയമവിരുദ്ധമായി പണം നേടിയെന്ന് ആദായനികുതി ഇന്റരിം സെറ്റിൽമെന്റ് ബോർഡ് തീർപ്പുകൽപിച്ചത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ഇതുസംബന്ധിച്ച് സംസ്ഥാന ഘടകം മറുപടി നൽകുമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയത്.
തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഉത്തരവിനെ എങ്ങനെ ന്യായീകരിക്കണമെന്നാണ് ചില നേതാക്കളുടെ ചോദ്യം.
അഴിമതി സംബന്ധിച്ച് പാർട്ടിയുടെ പരസ്യനിലപാടുകളും പരിഗണിക്കേണ്ടതുണ്ട്.
സിഎംആർഎൽ കമ്പനിയിൽനിന്ന് പിണറായിയും പണം കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചിട്ടുണ്ട്. ഉത്തരവ് വിശദമായി പഠിച്ചശേഷം നിലപാടു പറയാമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്.
മറ്റു പാർട്ടികളിലുള്ളവരുടെ പേരുകളും പണം കൈപ്പറ്റുന്നവരുടേതായി ആദായ നികുതി വകുപ്പ് ഹാജരാക്കിയ രേഖകളിലുള്ളതിനാൽ വിവാദം ഏറെ ദൂരം പോകില്ലെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്.
എന്നാൽ, പാർട്ടിക്കല്ല വ്യക്തിക്ക് പണം ലഭിച്ചെന്നാണ് പിണറായിയെക്കുറിച്ച് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. വീണയ്ക്കും കമ്പനിക്കും പണം ലഭിച്ചതിനെ പിണറായിയുടെ മകളെന്ന നിലയ്ക്കു ലഭിച്ച ആനുകൂല്യമായി കണക്കാക്കണമെന്നും സൂചിപ്പിക്കുന്നു.
ഇക്കാരണത്താൽ പാർട്ടിയിൽ ഇതേക്കുറിച്ച് പിണറായി വിശദീകരിക്കേണ്ടിവരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു.