KERALA NEWS TODAY – കൊരട്ടി : കൊരട്ടിയിൽ അനധികൃത പടക്ക നിർമാണശാല കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് കൊരട്ടി പൊലീസ് നടത്തിയ പരിശോധനയിലാണ് പടക്കങ്ങളും വെടിമരുന്നുമടക്കം നിരവധി സമഗ്രികൾ കണ്ടെടുത്തത്. ഉടമയടക്കം രണ്ട് സഹായികളും കസ്റ്റഡിയിൽ.
വെസ്റ്റ് കൊരട്ടിയിൽ കണ്ണമ്പുഴ വർഗീസിന്റെ വീടിനോട് ചേർന്ന് മൂന്ന് ഷെഡ്ഡുകളിലായാണ് അനധികൃത നിർമാണം നടക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് അങ്കമാലിയിലെ പടക്കക്കടയിൽ ജോലി ചെയ്തുവന്ന പരിചയത്തിൽ അനുമതിയില്ലാതെ ഇയാൾ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചുവരികയായിരുന്നു.
സമീപത്തെ പള്ളിയിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കിടയിലാണ് ഇയാൾ പിടിയിലായത്. 100 കിലോയോളം വെടിമരുന്ന്, രണ്ടായിരത്തിൽപരം ഗുണ്ട്, അമ്പതിനായിരത്തിൽപരം ഓലപ്പടക്കം, നിരവധി വകഭേദങ്ങൾ എന്നിവയടക്കം വൻ ശേഖരമാണ് പിടികൂടിയത്.
ആലുവയിൽനിന്നാണ് വെടിമരുന്ന് എത്തിക്കുന്നത്. രണ്ട് തൊഴിലാളികളെ നിയോഗിച്ച് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണം നടന്നിരുന്നത്.
കൊരട്ടി എസ്.എച്ച്.ഒ ബി.കെ.അരുണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.