Verification: ce991c98f858ff30

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

Kerala News Today-കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി.
അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ മറ്റൊരു ആന വരും.
മാര്‍ഗരേഖ വേണമെന്നും കോടതി നിരീക്ഷിച്ചു. കാട്ടിലെ എല്ലാ മൃഗങ്ങളേയും കൂട്ടിലിടാന്‍ പറ്റില്ലല്ലോ. പിടികൂടിയ ശേഷം ആനയെ എന്ത് ചെയ്യും?. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.

എന്നാല്‍ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.
പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

കാട്ടാനയെ അവിടെനിന്ന് മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച കോടതി, ഈ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു.
ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു.
എന്നാല്‍, ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേർന്ന അഭിഭാഷകരിൽ ചിലർ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറു ചോദ്യം.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.