KERALA NEWS TODAY – ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിന്നക്കനാലില്‍നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി.
സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാം. പോലീസ്, ഫയര്‍ ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സഹായം തേടാം.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു. ആന നിലവില്‍ മദപ്പാടിലാണുള്ളത്.
മദപ്പാടുള്ള ആനകളെ ഇത്തരത്തില്‍ മാറ്റുന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോ എന്ന് കോടതി ചീഫ് വെറ്ററിനറി ഓഫീസറോട് ചോദിച്ചു.
ഇതിന് അനുകൂല മറുപടിയാണ് ലഭിച്ചത്. ഇതോടെ മദപ്പാടുണ്ടെങ്കിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമാവും.
അതേസമയം കാട്ടാനശല്യം രൂക്ഷമായ ഇടങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കണം. ഇടുക്കി ജില്ലയിലാണ് ആദ്യ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കേണ്ടതെന്നും കോടതി പറഞ്ഞു.