വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പീച്ചി ഡാം ഇന്ന് വൈകിട്ട് മൂന്നിന് തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. നാല് ഷട്ടറുകള്‍ 7.5 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക. നിലവിലെ ജലനിരപ്പ് 78.25 മീറ്ററാണ്. പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. പീച്ചി ഡാമിന്റെ റിവര്‍ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റര്‍ ക്യൂബിക് ജലം കെഎസ്ഇബിക്ക് വൈദ്യുതി ഉല്പാദനത്തിന് നല്‍കുന്നതിനും തുടര്‍ന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റൂള്‍ കര്‍വ് പ്രകാരം അനുവദനീയ സംഭരണശേഷിയായ 76.53 മീറ്ററിനെക്കാള്‍ 1.67 മീറ്റര്‍ ജലം നിലവില്‍ കൂടുതലാണ്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉത്പാദനത്തിന് പരമിതിതമായ തോതില്‍ ജലം നല്‍കുന്നുണ്ടെങ്കിലും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്ക് മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യവും വരും ദിവസങ്ങളിലെ കനത്ത മഴ സാധ്യത കണക്കിലെടുത്തുമാണ് നടപടി. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂര്‍ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മേല്‍നോട്ടം വഹിക്കുന്നതിന് തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.