Verification: ce991c98f858ff30

അപരിചിതയ്ക്ക് വൃക്കദാനം ചെയ്ത് മണികണ്ഠന് നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി

Kerala News Today-കല്‍പ്പറ്റ: തൻ്റെ വൃക്കകളിലൊന്ന് അപരിചിതയായ സ്ത്രീയ്ക്ക് ദാനം നല്‍കിയ വയനാട് സ്വദേശിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു.ചീയമ്പം പള്ളിപ്പടി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് തനിക്ക് മുൻ പരിചയം പോലുമില്ലാത്ത സ്ത്രീക്ക് വൃക്ക പകുത്ത് നല്‍കിയത്. മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ച വിവരം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്.ഡിവൈഎഫ്‌ഐ നടത്തിയ അവയവദാന കാമ്പയിൻ്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു.8 വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചു.ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയ്ക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന്‍ വൃക്ക നല്‍കാന്‍ തയ്യാറായത്. അവരുടെ പേരോ അവസ്ഥയോ ഒന്നും മണികണ്ഠന് അറിഞ്ഞുകൂടായിരുന്നു.പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി. മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠന്‍. സ്വന്തം വൃക്ക നല്‍കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്‌നേഹമാണ്.മറ്റുള്ളവരെ കരുതാനും ചേര്‍ത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമാണ് മണികണ്ഠന്‍. സിപിഐഎം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠന്‍.മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ.     Kerala News Today
Leave A Reply

Your email address will not be published.