Latest Malayalam News - മലയാളം വാർത്തകൾ

ലൂണ-25 പകര്‍ത്തിയ ആദ്യ ചിത്രം പുറത്ത്

NATIONAL NEWS-റഷ്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ലൂണ-25 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ നിന്ന് പകര്‍ത്തിയ ആദ്യമായി പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു.
ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്തുള്ള ദക്ഷിണ ധ്രുവത്തിലെ സീമാന്‍ (Zeeman) ഗര്‍ത്തത്തിന്റെ ചിത്രമാണ് പേടകം പകര്‍ത്തിയത്.

ചന്ദ്രന്റെ മറുവശം അഥവാ ഇരുണ്ട വശം എന്നറിയപ്പെടുന്ന ഭാഗം ഭൂമിയില്‍ നിന്ന് ഒരിക്കലും കാണാനാവില്ല.
ഭൂമിയില്‍ നിന്ന് എപ്പോള്‍ നോക്കിയാലും കാണുന്നത് ചന്ദ്രന്റെ ഒരു വശം തന്നെയാണ്.
ടൈഡല്‍ ലോക്കിങ് എന്ന പ്രതിഭാസത്തെ തുടര്‍ന്നാണിത്.
ചന്ദ്രന്റെ ഒരുവശം മാത്രം എപ്പോഴും ഭൂമിയ്ക്ക് നേരെ തിരിഞ്ഞിരിക്കും.
ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ തന്നെ ഈ മേഖലയെ കുറിച്ചുള്ള പഠനങ്ങളില്‍ ശാസ്ത്രലോകം വലിയ താല്‍പര്യം കാണിക്കുന്നുണ്ട്.
ഗര്‍ത്തത്തെക്കുറിച്ചുള്ള വിശദമായ അധിക വിവരങ്ങള്‍ നല്‍കുന്നതാണ് ചിത്രം.
റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ സ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച പേടകത്തിലെ എസ്ടിഎസ്-എല്‍ ടെലിവിഷന്‍ കോംപ്ലക്‌സ് ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. ഇതിന് പുറമെ ADRON-LR, PmL, ARIES-L ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും പേടകം നടത്തി. ഓഗസ്റ്റ് 21,22 തീയ്യതികളിലായി ചന്ദ്രനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലൂണ-25. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലാണ് പേടകം ഇറങ്ങുക. ഇത് വിജയകരമായാല്‍ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന നേട്ടം ലൂണ-25 ന് കൈവരും.

Leave A Reply

Your email address will not be published.