Verification: ce991c98f858ff30

വൈദ്യുതി വിഛേദിക്കും എന്ന് വ്യാജ സന്ദേശം

KERALA NEWS TODAY – തിരുവനന്തപുരം : എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കും എന്ന മട്ടിൽ വൈദ്യുതി ബോർഡിന്റെ പേരിൽ വ്യാജ എസ്എംഎസ്, വാട്സാപ് സന്ദേശം.
സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ ബോർഡ് ഉദ്യോഗസ്ഥർ എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.
തുടർന്ന് ഉപയോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

ബോർഡ് അയയ്ക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾ‍പ്പെടുത്തിയിരിക്കും.
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയവ ബോർഡ് ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ല.
ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ബോർഡ് അധികൃതർ അറിയിച്ചു.വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിത ഓൺ‍‍ലൈൻ മാർഗങ്ങളുണ്ട്.

wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന കെഎസ്ഇബി എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പേയ്മെന്റ് സൗകര്യം ഉപയോഗിച്ച് അംഗീകൃത മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാം.
സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ ബോർഡിന്റെ സെക്‌ഷൻ ഓഫിസിലോ വിളിച്ച് വ്യക്തത വരുത്തണം.

Leave A Reply

Your email address will not be published.