NATIONAL NEWS – ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും.
മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പോളിങ് തീയതികളാണ് പ്രഖ്യാപിക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് നടക്കാനിരിക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും പ്രഖ്യാപനം.
പോളിങ് തീയതി, ഘട്ടങ്ങള്‍, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനും പിന്‍വലിക്കാനുമുള്ള തീയതികള്‍ എന്നിവ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനെതിരായി പണവും മറ്റ് അധികാരപ്രയോഗങ്ങളും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ബാധിക്കില്ല എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പോലീസ്,
ചെലവ് നിരീക്ഷകര്‍ എന്നിവരുള്‍പ്പടെയുള്ളവരുടെ യോഗം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു.
2023 ഡിസംബറിനും 2024 ജനുവരിയ്ക്കുമിടയില്‍ അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ കാലാവധി അവസാനിക്കും.
തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും. കാലാവധി അവസാനിക്കുന്നതിന് ആറോ എട്ടോ ആഴ്ചകള്‍ക്ക് മുമ്പാണ് സാധാരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാറ്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ഡിഎ – ഇന്ത്യ മുന്നണികളുടെ ബലപരീക്ഷണം കൂടിയാണ് അഞ്ച് സംസ്ഥാങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.