KERALA NEWS TODAY-കണ്ണൂര്‍ : കരുവന്നൂര്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
ഇ.ഡി സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
ഇ.ഡിയേയും സിബിഐയേയും മറ്റ് ആളുകളെയും ഉപയോഗിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെയും പാര്‍ട്ടിയേയുമൊക്കെ കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്.
അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനാണ് നീക്കം.
പാര്‍ട്ടി നേതാക്കന്മാരെ കല്‍തുറുങ്കിലടയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാണുന്നത്.
ആസൂത്രിതമായി പ്ലാന്‍ചെയ്ത് തിരക്കഥയുണ്ടാക്കിയാണ് ഇതൊക്കെ നടത്തുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.