പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങൾക്കെതിരെ പതഞ്ജലിക്ക് താക്കീത് നല്‍കിയാണ് സുപ്രീംകോടതിയുടെ നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നല്കിയ മാപ്പപേക്ഷ സുപ്രിംകോടതി അംഗീകരിച്ചു. കോടതി ഉത്തരവുകള്‍ ലംഘിക്കരുതെന്ന് പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നു എന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല എന്നിവരുടേതാണ് ഉത്തരവ്. തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങള്‍ കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവ്, ബാലകൃഷ്ണ എന്നിവരെ വിളിച്ചുവരുത്തി അതിരൂക്ഷമായ ഭാഷയിലാണ് നേരത്തെ സുപ്രിംകോടതി ശാസിച്ചിരുന്നത്. കൊവിഡ് വാക്സിനേഷൻ ഡ്രൈവിനും മോഡേൺ മെഡിസിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആരോപിച്ചിരുന്നു. പിന്നീട് തെറ്റ് പറ്റിയതായി സമ്മതിച്ച പതഞ്ജലി ഉടമകൾ പത്രങ്ങളിലൂടെ ക്ഷമാപണവും നടത്തിയിരുന്നു.