NATIONAL NEWS- ദില്ലി: അയോഗ്യതയിലേക്ക് നയിച്ച അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും.
സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും. ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടും. കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശവും നല്‍കി. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സിജെഎം കോടതിയിലേക്ക് നീങ്ങുന്നത്.
മനു അഭിഷേക് സിംഗ് വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്.
ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അപ്പീല്‍ തയ്യാറാക്കിയിരിക്കുന്നത്.
പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സിജെഎം കോടതി നടപടികളില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്.
കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും.
എന്നാല്‍ പാറ്റ്ന, ഹരിദ്വാറടക്കം മറ്റ് കോടതികളില്‍ രാഹുലിനെതിരെ മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
കോടതി നടപടികളോട് പോലും രാഹുലിന് പുച്ഛമാണെന്നും, നിയമ വ്യവസ്ഥയെ മാനിക്കുന്നില്ലെന്നുമുള്ള ബിജെപിയുടെ ആക്ഷേപത്തിന് രാഷ്ട്രീയ മറുപടി നല്‍കാന്‍ കൂടിയാണ് നാളെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്.
അതേ സമയം അയോഗ്യത വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ സഖ്യത്തിലടക്കം കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയതിനാല്‍ കരുതലോടെയാകും ബിജെപിയുടെ തുടര്‍ നീക്കങ്ങള്‍.