Kerala News Today-തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജൻ്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.
കിണറിൻ്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്.
വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശിയാണ് മഹാരാജൻ. ഇന്ന് രാവിലെ 9.45 ഓടെയാണ് മഹാരാജന്‍റെ മൃതദേഹം പുറത്തെത്തിച്ചത്.
ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് മഹാരാജൻ പെട്ടുപോയത്. ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം.
മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിൽ കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മഹാരാജൻ അപകടത്തിൽ പെട്ടത്.
എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25-തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.
ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
മേൽമണ്ണു മാറ്റി കിണറിൻ്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ നിരവധി തവണയാണ് രക്ഷാസംഘം ശ്രമിച്ചത്.
എന്നാൽ, കിണറിൻ്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ് മണ്ണിടിഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നതിനാൽ കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയർത്തി. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി കിണറിനുള്ളിലേക്ക് വീണ 16-ലധികം ഉറകൾ പൊട്ടിച്ച് കരയിലെത്തിച്ചു.
കിണറിനുള്ളിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ചുവരെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണുനീക്കിയത്.
തുടർന്ന് വീണ്ടും കിണറ്റിൽ വെള്ളക്കെട്ടുണ്ടായി. രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ച് അഞ്ച് മണിക്കൂറോളം വെള്ളം പമ്പു ചെയ്തു നീക്കിയിരുന്നു.
Kerala News Today